ഇന്നത്തെ സർജറികൾ മിക്കവാറും എല്ലാം സങ്കീർണതകൾ നിറ ഞ്ഞതായത് കൊണ്ടു തന്നെ മാന സികവും ശാരീരികവുമായി ക്ഷീണിതനായെങ്കിലും ഞാൻ തികഞ്ഞ സംതൃപ്തിയിലാ യായിരുന്നു. കൊറോണകാലത്തു ഒരു അനസ്തീസിയോളജിസ്റ്റിനെ സംബന്ധി ച്ചിടത്തോളം എല്ലാം high risk category കേസുകൾ തന്നെ. അത് കൊണ്ടു തന്നെ രോഗികളെല്ലാവരും ഐ.സി.യുവിൽ പ്രശ്നങ്ങളൊന്നുമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ ഇനി എത്രയും പെട്ടെന്ന് വീട്ടിലെത്തി ഇരുട്ടുന്നതിനുമുമ്പേ ഷട്ടിൽ ബാഡ്മിന്റൺ കളിക്കാൻ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു.ബാഡ്മിന്റൺ കോച്ചിംഗ് മുടങ്ങിയതിനോടൊപ്പം ഓൺലൈൻ ക്ലാസ്സിന്റെ തടവറയിൽ അകപ്പെട്ടത്തോടെ നേഹ വൈകീട്ട് ഞാൻ വരുന്നതും കാത്തിരിപ്പുണ്ടാവും.കളി തുടങ്ങിയതോടെ അവന്തികയും ജീനയുമുൾപ്പെടെ ഒരു ഡബിൾസ് ടീമുണ്ടാക്കിയുള്ള വൈകുന്നേരത്ത ഈ പ്രാക്ടീസ് എനിക്കും ഏറെ ഇഷ്ടമാണ്. ഹോസ്പിറ്റലിൽ നിന്നു വേഗം ഇറങ്ങാൻ നിൽക്കുമ്പോഴാണ് സർജറി കോർഡിനേറ്റർ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സാർ തിരക്കിലാണോ എന്ന ഔപചാരിക ചോദ്യം ചോദിച്ചു എന്നെ തടുത്തു നിർത്തി തന്ത്രത്തിൽ അവൾ കാര്യം അവതരിപ്പിച്ചു.. "സർജന്റെ ഒപിയിൽ നിന്ന് വിട്ടൊരു consultation ഉണ്ട്. അതും കൂടി ഒന്നു കണ്ട്കൂടെ. ബൈസ്റ്റാൻഡേറെ വിളിക്കട്ടെ "എന്ന അടുത്ത നടപടിയിലേക്കാവൾ കടന്നു കഴിഞ്ഞു. കോവിഡ് കാലമായതു കൊണ്ടു എല്ലാ പടച്ചട്ടകളും ചിട്ടവട്ടത്തോടെ തന്നെ അണിഞ്ഞു. ബൈസ്റ്റാൻഡർ ഒരു കെട്ട് കടലാസുകൾ മുന്നിലേക്കിട്ടപ്പോൾ തന്നെ കാര്യം പിടികിട്ടി ഇതു കൂടുതൽ സങ്കീർണമായ കേസ് ആകുമെന്ന്. ഫേസ് ഷീൽഡിനിടയിലൂടെ ഓരോ പേജും വായിച്ചെടുത്തപ്പോൾ മനസ്സിലായത് ഇത്രയും. 84വയസ്സുകാരൻ കാർഡിയോമയോപ്പതി എന്ന ഹൃദ്രോഗമുണ്ട്. ആസ്ത്മ മൂർച്ഛിച്ചു അടുത്ത ഘട്ടത്തിൽ ആയിട്ടുണ്ട്. രണ്ടു വർഷംമുമ്പ് പക്ഷാഘാതം വന്നതാണ്. കംപ്ലീറ്റ് ഹെർണിയയ്ക്കുള്ള ഓപ്പറേഷൻ വേണം. ഒരു പാട് പ്രശ്നങ്ങൾ ഉള്ളയാൾക്ക് ഒരു സർജറി അതും കോവിഡ് പരീക്ഷണകാലത്ത്.ബൈസ്റ്റാൻഡേറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഓപ്പറേഷൻ സമയത്ത് മരണം വരെ സംഭവിക്കാം എന്ന പഞ്ച് ഡയലോഗ് ഇട്ടപ്പോൾ അയാളുടെ മറുപടി സ്‌ഥിരം ശൈലിയിൽ. "വേറെ പ്രശ്നം ഒന്നുമില്ലല്ലോ ഡോക്ടർ." രോഗിയെ കണ്ടിട്ട് ബാക്കി തീരുമാനിക്കാമെന്നു പറഞ്ഞു ഞാൻ അവരെ പറഞ്ഞു വിട്ടു. പണ്ട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്ത് ബ്രെയിൻ ട്യൂമർ വന്ന എന്റെ നാട്ടിലെ ചെറുപ്പക്കാരനെ ഏതൊക്കയോ വിധേന ന്യൂറോ സർജറി ഡിപ്പാർട്മെന്റിൽ അഡ്മിറ്റാക്കി.മെഡിക്കൽ സ്റ്റുഡന്റ്സിന്റെ അഭിമാന പ്രശ്നമാണ് നാട്ടിൽ നിന്നു മെഡിക്കൽ കോളേജിൽ കാണിക്കാൻ വരുന്ന രോഗികൾ.കോളേജിൽ അവർക്ക് കാര്യങ്ങൾ മര്യാദയ്ക്ക് നടന്നില്ലെങ്കിൽ നാട്ടിൽ തിരിച്ചെത്തിയാൽ നമ്മൾക്ക് യാതൊരു വിലയുമുണ്ടാകില്ല. അതു കൊണ്ടു തന്നെ സീനിയർ ചേട്ടന്മാരുടെ കാലുപിടിച്ചു നീണ്ട സർജ്ജറി വെയ്റ്റിങ് ലിസ്റ്റിൽ എന്റെ നാട്ടുകാരന്റെ പേര് തിരുകികയറ്റിയതാണ്.അത്രയധികം രോഗികൾക്കും കോഴിക്കോട് മെഡിക്കൽ കോളേജു മാത്രമായിരുന്നു അന്ന് ആശ്രയം. അങ്ങനെ വിജയ ശ്രീലാളിതനായി ഇരിക്കുമ്പോഴുണ്ട് സർജറിയ്ക്ക് തലേദിവസം രോഗിയും കൂട്ടിരിപ്പുകാരനും പായയും തലയിണയുമൊക്കെ ചുരുട്ടി കെട്ടി എന്റെ ഹോസ്റ്റൽ മുറിയ്ക്ക് മുന്നിൽ ഹാജർ. എന്റെ അന്ധാളിപ്പ് കണ്ടിട്ടാണെന്നു തോന്നുന്നു എന്തെങ്കിലും ചോദിക്കും മുമ്പേ അവർ പറഞ്ഞു തുടങ്ങി. "ഞങ്ങ തിരിച്ചു നാട്ടിലേക്ക് തന്നെ പോവാ. വല്ല്യ ഡോക്ടർ പറഞ്ഞു.തല വെട്ടിപ്പൊളിച്ചുള്ള ഓപ്പറേഷൻആണ്. ഇപ്പോൾ ജീവനെങ്കിലുമുണ്ട്. ഓപ്പറേഷൻ കഴിഞ്ഞാ അതും ഉറപ്പില്ലാന്ന് ". സമ്മതപത്രം ഒപ്പിടാൻ വേണ്ടിയുള്ള കൗൺസിലിങ് കേട്ട് പേടിച്ചു ഓടി വന്നതാണ്. ആ ബ്രമാസ്ത്രം തന്നെ ഞാനും വർഷങ്ങൾക്ക് ശേഷം ഇവിടെ തൊടുത്തു വിട്ടു. അവരിനി ഈ വഴി തിരിച്ചു വരില്ലെന്ന് തന്നെ ഞാനുറപ്പിച്ചു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വടിയും കുത്തി ഒരാൾ എന്റെ മുറിയിലേക്ക് കയറി വന്നു. കൂടെ രണ്ടു ദിവസം മുമ്പേ വന്ന ബൈസ്റ്റാൻഡേരെ കണ്ടപ്പോൾ കാര്യം പിടികിട്ടി.അങ്ങേരു നയം വ്യക്തമാക്കി. "ഡോക്ടറെ എന്തായാലും ഓപ്പറേഷൻ വേണം. ഇനിയും സഹിക്കാൻ പറ്റൂല. കഴിഞ്ഞ ഇരുപത് കൊല്ലമായി സഹിക്കുന്നു. ഇപ്പോൾ ഇരിക്കാനും നടക്കാനും പറ്റുന്നില്ല. "ഒരു ഹെർണിയ ഇത്രേം പ്രശ്നമുണ്ടാക്കുമോ എന്ന സംശയം പെട്ടെന്ന് മാറി. മുണ്ട് വകഞ്ഞു മാറ്റി അദ്ദേഹം ഹെർണിയ കാണിച്ചു തന്നു. ഒരു പൊതിക്കാത്ത തേങ്ങയെക്കാൾ വലുത്. സർജന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി. അയാളുടെ വൃഷണ സഞ്ചിയിൽ കുടുങ്ങി കിടക്കുന്ന ചെറുകുടൽ വയറിൽ വെച്ചാൽ തന്നെ വയറു പെരുത്ത് ശ്വാസം മുട്ടൽ ഉണ്ടാകും . അപ്പോൾ ശ്വാസം മുട്ടലും ഹൃദ്രോ ഗവുമുള്ള ആളുടെ അവസ്‌ഥയെന്താവും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. പൊതുവെ ശാന്തനും സൗമ്യനും ആത്മാർഥമായി സർജറി ചെയ്യുന്നതിൽ മിടുക്കും കാണിച്ചിരുന്ന ഡോ.നസീഫ് അങ്ങനെ പറഞ്ഞതോടെ പന്ത് പൂർണമായും എന്റെ കോർട്ടിൽ തന്നെയായി.
വാർദ്ധക്യത്തിലും പ്രതീക്ഷയുടെ തിളക്കം ആ രോഗിയുടെ കണ്ണുകളിൽ ഞാൻ കണ്ടു.ഒരുപാട് പേര് അപകട സാധ്യത പറഞ്ഞു ഒഴിവാക്കിയ കേസ് ആണ്. ഞാനും കൂടി നിരസിക്കരുതേയെന്ന അപേക്ഷയും ആ മുഖത്തു ഞാൻ വായിച്ചു.
പട്ടാളക്കഥ പോലെ ഡോക്ടറുടെ വീരവാദം കേൾക്കുന്ന കുടുംബസസദസ്സിൽ ഈ രോഗിയുടെ കഥ പറഞ്ഞപ്പോൾ അമ്മായിയച്ഛൻ പറഞ്ഞ വാചകം മനസ്സിലൊരു കുളിർമ നൽകി. "ചേലോൽക്ക് ശരിയാവും. ചേലോൽക്ക് ശരിയാവൂല ഇങ്ങളെ കാര്യത്തിൽ അത് ശരിയാവും ഉറപ്പാ " വിശ്വാസം തെറ്റിയില്ല.വൃഷണ സഞ്ചിയിൽ നിന്ന് രണ്ടടിയിൽ കൂടുതൽ നീളത്തിലുള്ള ചെറുകുടൽ തിരിച്ചു വയറിനകത്തു തന്നെ നിക്ഷേപിക്കുമ്പോൾ പാതി മാത്രം പ്രവർത്തിക്കുന്ന ഹൃദയവും ശ്വാസകോശ വും അനസ്തേഷ്യ സമയത്തും തുടർന്നും അച്ചടക്കത്തോടെ തന്നെ നിന്നു. ചില രോഗികൾ തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അനുഭവങ്ങൾ അതു ജ്വലിപ്പിച്ചു കൊണ്ടേയിരിക്കും.
No comments:
Post a Comment