*കാലം കാത്തു വെച്ച അനുഭവങ്ങൾ*
ഡോ. മുരളീധരൻ
ആതുര ശുശ്രൂഷ മേഖലയിൽ എന്നും ഏറ്റവും പുതിയ അറിവുകൾ സ്വായത്ത മാക്കാൻ അർപ്പണ മനോഭാവം പുലർത്തുന്നവരാണ് ചികിത്സാ രംഗത്ത് ഏറ്റവും മിടുക്കന്മാരായി ശോഭിയ്ക്കുന്നത് . മുമ്പ് കാലത്ത് കിരീടം വെയ്ക്കാത്ത രാജാക്കന്മാരായി നാട്ടുംപുറത്തു ചില ഡോക്ടർമാരുണ്ടാവും. പല തലമുറകളുടെയും ചികിത്സകരാവും അവർ. കൃത്യമായി രോഗിയെ ചികിൽസിക്കാനും സ്പെഷ്യലിസ്റ്റ് ഡോക്ടറെ എപ്പോൾ കാണിക്കണമെന്നു ഉപദേശിക്കാനും കഴിയുന്നവരാണ് ഈ ഡോക്ടർമാർ. ആ തലമുറ ആതുര ശുശ്രൂഷ രംഗത്തെ കുതിച്ചു ചാട്ടത്തിൽ അസ്തമിച്ചു തുടങ്ങി.
ഇവിടെ ഹോസ്പിറ്റലിൽ ഓർത്തോ പീഡിക്സ് വിഭാഗം ആക്‌സിഡന്റ് കേസുകൾക്ക് പുറമെ
ആർത്രോസ്കോപിയിലും മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലും ഒക്കെ പേരെടുത്തു തുടങ്ങിയപ്പോൾ സ്‌പൈൻ സർജറി കേസുകളും വന്നു തുടങ്ങി. ഞങ്ങളുടെ ചുറുചുറുക്കുള്ള ഓർത്തോപീഡിഷ്യൻ
ഡോ ജസീം ഒരു രോഗിയുടെ കാര്യം പറഞ്ഞപ്പോൾ എനിക്കും ഉത്സാഹമായി. നിത്യവും ഓപ്പറേഷൻ ലിസ്റ്റിൽ കാണുന്ന തുടയെല്ല് പൊട്ടി വരുന്നവർ മിക്കവരും സപ്തതിയും കഴിഞ്ഞു മുന്നേറുന്നവരാകും.ഒരുവിധം എല്ലാവർക്കും തന്നെ പ്രഷറും പ്രമേഹവും ഹൃദ്രോഗവുമൊക്ക കൂടെ കാണും.ഒരു അനസ്തീ സിയോളജിസ്റ്റിനെ മുൾമുനയിൽ നിർത്തുന്നതാണീ സർജറികൾ. ഇതൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന് സ്‌പൈൻ സർജറി പ്ലാൻ ചെയ്തപ്പോൾ ഹൃദ്രോഗം നൽകുന്ന അധിക ഭാരമില്ല.ആ ആശ്വാസം ഉണ്ടെങ്കിലും രോഗിയെ കമിഴ്ത്തി കിടത്തി ഓപ്പറേഷൻ ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഏറെ പ്രധാനമാണ്.അനസ്തേഷ്യയിൽ ശരീരം തളർത്തിക്കിടക്കുന്നയാളിന്റെ ശ്വാസനിശ്വാസങ്ങൾ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ കണ്ണ് പോലുള്ള മറ്റു ശരീരഭാഗങ്ങൾ അമർന്നു ക്ഷതം സംഭവിക്കാതെയും നോക്കണം. പ്രത്യേകതരം സ്പോൺജുകളും കുഷ്യനുകളും ഇതിനുപയോഗിക്കുന്നു. സാധാരണ അടുത്തുള്ള ട്രോളിയിൽ കിടത്തി പൂർണമായും മയക്കി ശരീരം തളർത്തി ശ്വാസകോസത്തിൽ ട്യൂബ് കടത്തി വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസനം സാധ്യമാക്കുന്നു. ഈ രോഗിയെ അതേപോലെ തൊട്ടടുത്തുള്ള ഓപ്പറേഷൻ ടേബിളിലേക്ക് കമിഴ്ത്തി കിടത്തുമ്പോൾ വ്യക്തമായ പരസ്പര ധാരണ വേണം.സർജനും അനസ്തീ സിയോളജിസ്റ്റും നഴ്സിംഗ് സ്റ്റാഫും ടെക്‌നിഷ്യൻമാരും എല്ലാവരും കൂടി രോഗിയെ വളരെ ശ്രദ്ധാപൂർവം പൊക്കിയെടുത്തു കിടത്തുമ്പോൾ നാട്ടിൽ പണ്ട് വലിയ മരം മുറിച്ചു ലോറിയിൽ കയറ്റുമ്പോൾ താളാത്മകമായി ഹൈലേസ പാടുന്ന കണ്ണേട്ടന്റെ റോളിലേക്ക് ഞാൻ പരകായപ്രാവേശം തേടിയപോലെയാണ് തോന്നിയത്. തടി കയറ്റുമ്പോൾ അതുരുണ്ട് താഴേക്കു വരാതെ നോക്കിയാൽ മാത്രം പോര ഇവിടെ,ശരീരത്തിൽ എവിടെയും ക്ഷതം വരാതെയും നോക്കണം.മാത്രമല്ല ഭാരക്കൂ ടുതലുള്ള രോഗിയാണെങ്കിൽ അവരെ താങ്ങിയെടുക്കുന്ന സ്റ്റാഫിന്റെ നടുവുളുക്കാതെയും ശ്രദ്ധിക്കണം.
ഒരു വിമാനം പറക്കാൻ തുടങ്ങുന്നതോടെ അതിന്റെ പൂർണ നിയന്ത്രണം ഫ്ലയിങ് ക്യാപ്റ്റനാണെന്ന് പറയുന്നപോലെ അനസ്‌തേഷ്യ നൽകി കഴിഞ്ഞാൽ പിന്നെ രോഗിയെ തിരിക്കാനോ മറിക്കാനോ എന്തിന് തൊടാൻ പോലും അനസ്തീ സിയോളജിസ്റ്റിന്റെ അനുവാദം വേണം അതാണ് കീഴ്‌വഴക്കം. അങ്ങനെ നമ്മുടെ രോഗിയെ വളരെ വിജയകരമായി പൊസിഷൻ ചെയ്തു കഴിഞ്ഞപ്പോഴാണ് എന്റെയും
ഡോ. ജസീമിന്റെയും കണ്ണുകൾ ഒരു ചെറിയകുരുവിലേക്കു ഉടക്കി നിന്നത്. ഓപ്പറേഷൻ ചെയ്യേണ്ട നട്ടെല്ലിൽ നിന്നു ഒരു ചാൺ മാറി ഒരു ഗോതമ്പു മണിയുടെ വലിപ്പത്തിൽ ഒരു കുരു. കുഴപ്പമൊന്നുമില്ല അല്ലെ സാറെ എന്നു പറഞ്ഞു ജസീം അതൊന്ന് പിടിച്ചമർത്തിയപ്പോൾ അതിൽ നിന്നു നീരൊലിയ്ക്കാൻ തുടങ്ങി.പണ്ട് പൂമംഗലത്തെ തറവാട്ട് വീട്ടിന്റെ കോലായയിൽ കിടത്തി അച്ഛമ്മ ഞങ്ങൾക്ക് പറഞ്ഞു തന്ന തക്ഷകന്റെയും പരീക്ഷിതിന്റെയും കഥ എനിക്കോർമ്മ വന്നു. നിസ്സാരമായ പുഴുവിനെ വെല്ലുവിളിച്ചു കഴുത്തിൽ വെച്ച പരീക്ഷിതു മഹാരാജാവിനെ ആ പുഴു പിന്നെ വളർന്നു തക്ഷകൻ ആയി മാറി ദംശിച്ചു പരലോകത്തേയ്ക്കയച്ച കഥ. കഷ്ടകാലത്തിന് ഈ കുരുവിൽ നിന്നു വല്ല അണുബാധയും പൊട്ടിപുറപ്പെട്ടാൽ ഓപ്പറേഷനു ശേഷമുള്ള അവസ്‌ഥ അതി ഗുരുതരമാകും. അതു കൊണ്ടു കൂടുതൽ വെല്ലുവിളി ഏറ്റെടുക്കേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു . ഏറെ മുന്നൊരുക്കങ്ങൾക്കും സന്നാഹങ്ങൾക്കും ശേഷം ഓപ്പറേഷൻ ക്യാൻസൽ ചെയ്യുക, അതും മയക്കം കൊടുത്തതിനു ശേഷം. എല്ലാവരും നിരാശരായപ്പോൾ എന്നിലെ ക്യാപ്റ്റൻ വീണ്ടും ഉണർന്നു. ഞാൻ പറഞ്ഞു തുടങ്ങി. കേരളത്തിൽ ഗവണ്മെന്റ് മേഖലയിൽ ആദ്യത്തെ അയോർട്ടിക് റൂട്ട് റീപ്ലേസ്‌മെന്റ് സർജ്ജറിയുടെ അനുഭവം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഞാൻ കാർഡിയാക് അനസ്‌തേഷ്യയിൽ ജോലി നോക്കുന്ന കാലം. 2003 മുതലുള്ള 5വർഷം. അന്ന് ഹൃദയശസ്ത്രക്രിയ കുറച്ചു കേന്ദ്രങ്ങളിൽ മാത്രമേ ഉള്ളൂ. മെഡിക്കൽ കോളേജിൽ ഹോസ്പിറ്റലിൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പ്രത്യേക പ്രൊജക്റ്റ് ആയി ഓപ്പൺ ഹാർട്ട് യൂണിറ്റ് തുടങ്ങി ബൈപാസ് സർജ്ജറികളും വാൽവു മാറ്റിവെയ്ക്കൽ സർജ്ജറികളും ധാരാളമായി നടക്കുന്ന കാലം.സർജനും അനസ്തീസീയോളജിസ്റ്റും തമ്മിലുള്ള മാനസിക പൊരുത്തം ഏറ്റവും കൂടുതൽ ഞാൻ കണ്ടിട്ടുള്ളതും ഇവിടെ തന്നെ . കാർഡിയാക് സർജ്ജറി വിഭാഗം മേധാവി പ്രൊഫസർ ബാലചന്ദ്രൻ നായർ എന്ന ബാലു സാറും കാർഡിയാക് അനസ്തീസിയോളജി മേധാവി ഗോപാലകൃഷ്ണൻ സാറും എനിക്ക് തന്ന സ്വാതന്ത്ര്യം ഞാൻ ആസ്വദിച്ച കാലം കൂടിയാണത്.
എം ബി ബി എസും, സർജ്ജറിയിൽ പോസ്റ്റ് ഗ്രാഡുവേഷനും കഴിഞ്ഞു കാർഡിയോ തൊറസിക് സർജ്ജറിയിൽ സൂപ്പർ സ്പെഷ്യലിറ്റി ഡിഗ്രി ചെയ്യുന്ന McH സ്റ്റുഡന്റ്‌സ് പ്രായം കൊണ്ടു എന്നേക്കാൾ മൂത്തവരാണെങ്കിലും അവർക്കുള്ള അഭിപ്രായങ്ങൾ ഡിപ്പാർട്മെന്റ് മേധാവിയായ ബാലു സാറിൽ എത്തിക്കാൻ കണ്ട മാർഗം ഞാൻ വഴിയായിരുന്നു.നേരിട്ട് കിട്ടുന്ന വഴക്ക് ഒഴിവാകും, മാത്രമല്ല എന്നിലുള്ള വിശ്വാസവും സ്നേഹവും കൊണ്ടും കാര്യം നടക്കും എന്നൊരുറുപ്പും അവർക്കുണ്ടായിരുന്നു. ഈ കാര്യങ്ങൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഓപ്പറേഷൻ ചെയ്യുമ്പോൾ സാറിനെ അസ്സിസ്റ്റ് ചെയ്യുന്നതിന് കിട്ടുന്ന അവസരങ്ങളാണ്. ഒരുപാടു കണ്ടും അറിഞ്ഞുമാണ് ഒരു കാർഡിയാക് സർജൻ രൂപപെട്ടു വരുന്നത്. അസാമാന്യമായ ഏകാഗ്രതയും അർപ്പണ മനോഭാവവും അവിടെ വേണം. കാർഡിയോ തൊറാസിക് ഉപരിപഠനത്തിന് വരുന്നവർ കുടുംബത്തെ മറന്നേക്കണം എന്നാണ് പൊതുവെ പറയാറ്.
ഓപ്പറേഷന് വരുന്ന രോഗികളെ അതിനു സന്നദ്ധമാക്കുന്ന 'വർക്ക് അപ്പ് 'എന്ന ഓമന പേരിലറിയപ്പെടുന്ന ഭാരിച്ച ജോലി ഈ സൂപ്പർ സ്പെഷ്യലിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റുഡന്റ് സിന്റെയാണ്. ആവശ്യത്തിനുള്ള രക്തം ബാങ്കിൽ സജ്ജീകരിക്കുന്നത് മുതൽ എല്ലാ പരിശോധന ഫലങ്ങളും കൃത്യസമയത്ത് ലഭ്യമാക്കുന്നത് വരെ ഇതിൽ പെടും.അന്ന് കാർഡിയോളജിയും പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് കൊണ്ടു തന്നെ ഏറ്റവും മിനിമം ടെസ്റ്റ് ആയ എക്കോകാർഡിയോഗ്രാം ചെയ്തു കിട്ടാൻ തന്നെ MCh സ്റ്റുഡന്റ്‌സ് ഏറെ കഷ്ടപ്പെട്ടിരുന്നു.
ഒരു ദിവസം ശ്വാസം മുട്ടലും കിതപ്പുമായി വന്ന ഒരു ചെറുപ്പക്കാരനെ വാൾവ് മാറ്റി വെയ്ക്കൽ സർജറിയ്ക്ക് പോസ്റ്റ് ചെയ്തു.നിത്യേന ഒന്നും രണ്ടും വാൾവ് സർജ്ജറി നടക്കുന്ന യൂണിറ്റാ യതുകൊണ്ട് പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. പക്ഷെ നെഞ്ചു തുറന്നപ്പോഴാണ് വാൾവ് മാത്രം മാറ്റിയാൽ പോര ഹൃദയത്തിൽ നിന്നാരംഭിക്കുന്ന ഏറ്റവും വലിയ രക്ത കുഴലായ മഹധാമനി കൂടി മാറ്റിയാലേ ദീർഘകാലത്തേയ്ക്ക് ആ രോഗിയ്ക്ക് ഗുണകരമാവൂ എന്ന് മനസ്സിലാവുന്നത്. അത്തരത്തിൽ ഒരു ഓപ്പറേഷൻ മെഡിക്കൽ കോളേജിൽ ഇന്നേവരെ ചെയ്തിട്ടുമില്ല. പ്രത്യേകിച്ചുള്ള കൃത്രിമ ഗ്രാഫ്റ്റും വാൽവും ആസൂത്രണവും ആവശ്യമായ സങ്കീർണമായ ഒരു സർജറിയാണത്. തുറന്നു വെച്ച നെഞ്ചിൻ കൂട് തുന്നി കൂട്ടി ഓപ്പറേഷൻ ക്യാൻസൽ ചെയ്യുമ്പോൾ ഈ മുപ്പത്തിരണ്ടു വയസ്സുകാരന്റെ ജീവിതവും സ്വപ്നവുമാണിവിടെ ഒടുങ്ങുന്നത്. ബാലു സർ തൊട്ടടുത്തുള്ള ശ്രീ ചിത്രയിലേക്ക് രോഗിയെ റെഫർ ചെയ്യാമെന്നുള്ള നിർദേശവും നൽകി ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തേക്കിറങ്ങി. മാസങ്ങളുടെ വെയ്റ്റിംഗ് ലിസ്റ്റ് ഉള്ള ചിത്രയിൽ ഓപ്പറേഷൻ ചെയ്തു കിട്ടാൻ ഈ ചെറുപ്പക്കാരന്റെ ആയുസ്സ് കാത്തുനിന്ന് കൊള്ളണമെന്നില്ല. എല്ലാ ഡോക്ടർമാരും തന്റെ രോഗിയ്ക്കു സംഭവിക്കുന്ന ഈ ദുരവസ്‌ഥയിൽ ഏറെ വേദനിക്കുന്നവരാണ്. സമൂഹം കാണാതെ പോകുന്ന ഒരു മനസാണത്.രോഗിയെ തീയേറ്ററിൽ നിന്നു മാറ്റുമ്പോൾ MCh സ്റ്റുഡന്റ്സ് പുതിയ നിർദേശവുമായി എന്റെ ചുറ്റും കൂടി. "Murali sir you should convince balusir. We should do this surgery here. We will work up this again. His hands are good and he can" പറഞ്ഞു വന്നതിത്രയെയുള്ളു സാറ് കൈപ്പുണ്ണ്യമുള്ളയാളാ യത് കൊണ്ടു ചെയ്താൽ വിജയിക്കും.അതു ഞാൻ പറഞ്ഞു സമ്മതിപ്പിച്ചെടുക്കണം.തിയേറ്ററിനു വെളിയിൽ ഇട്ടിരിക്കുന്ന ചാരുകസാരയിൽ കണ്ണടിച്ചിരിക്കുന്ന ബാലു സാറിന്റെയടുത്തു ചെന്ന് ഞാൻ പറഞ്ഞു തുടങ്ങി "ഈ പേഷ്യന്റിനെ നമ്മൾ റെഫർ ചെയ്തു വിടണോ? സാറിന്റെ അനുഭവ സമ്പത്ത് വെച്ചു നോക്കിയാൽ അതു നമുക്കിവിടെ ചെയ്യാവുന്നതേയുള്ളൂ. ഒന്ന് കൂടെ ഒന്ന് പ്ലാൻ ചെയ്തു നോക്കിയാലോ" പൊതുവെ സംസാരത്തിൽ വളരെ പിശുക്കനായ ബാലു സർ എന്റെ മുഖത്തേയ്ക്ക് നോക്കി ഒന്നമർത്തി മൂളി. ഞങ്ങളുടെ മനഃപൊരുത്തതിന്റ ശക്തി ഇത്തരം മൂളലുകൾ വായിച്ചെടുക്കുന്നതിലാണ്. അച്ഛന്റെയടുത്തു കാര്യം അവതരിപ്പിക്കുവാൻ അമ്മയെ പറഞ്ഞു വിട്ടു വാതിലിനു പുറകിൽ മറഞ്ഞിരുന്നു കാതോർത്തു നിൽക്കുന്ന മക്കളെ പോലെ എന്നെ കാത്തു നിന്ന MCh സ്റ്റുഡന്റ്സിനും സന്തോഷമായി . എല്ലാ മുന്നൊരുക്കങ്ങൾക്കും ശേഷം വീണ്ടും ആ ചെറുപ്പക്കാരനെ സർജറിയ്ക്ക് പോസ്റ്റ് ചെയ്തു.അനസ്‌തേഷ്യ കൊടുത്തു പൂർണമായും മയങ്ങി കഴിഞ്ഞ രോഗിയുടെ നെഞ്ച് തുറന്നതും രക്തക്കുഴൽ പൊട്ടി ഓപ്പറേഷൻ തീയേറ്ററിന്റെ സീലിങ്ങിളോളം ഉയരത്തിൽ രക്തം ചീറ്റി. പതറിപ്പോയാൽ അതോടെ എല്ലാം അവസാനിക്കും.സമയവുമായുള്ള മത്സരമാണ് ഇനി. ശരീരത്തിലെ രക്തം മുഴുവൻ വാർന്നു തീരാൻ അധികം സമയം വേണ്ട. ആ ജീവൻ അകന്നു പോകാനും.നിമിഷങ്ങൾ കൊണ്ടു ഹാർട് ലങ് മെഷീനിൽ ബന്ധിപ്പിച്ചു കൃതിമ സംവിധാനത്തിലൂടെ രക്‌തോട്ടം പുനസ്‌ഥാപിച്ചു ജീവൻ നിലനിർത്തി മുന്നോട്ടു പോകുമ്പോൾ മെഡിക്കൽ കോളേജിന്റെ ചരിത്രത്തിലെ ആദ്യത്തെ ബന്റാൾ സർജ്ജറി നടക്കുകയാണ്. എന്റെ അനുഭവങ്ങളുടെ നേർസാക്ഷ്യം കേട്ടു നിന്ന ഡോ. ജസീമിന്റെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു.
No comments:
Post a Comment