Sunday, October 11, 2020

വെളുത്ത ഡോക്ടറെ തേടിയ കുഞ്ഞമ്മ


ഡോ. മുരളീധരൻ
 കൊറോണയുടെ  സ്മാർത്തവിചാരങ്ങൾ  നടക്കുന്ന ഈ ഞായറാഴ്ച എന്തായാലും വൈകി എഴുന്നേറ്റു അരമണിക്കൂർ ജിമ്മിൽ ചെലവഴിച്ചു വന്നു  ഉപ്പുമാവും മിക്സ്ചറും കൂട്ടി കഴിക്കുമ്പോൾ കൂട്ടത്തിൽ ഒരു ജ്യൂസ്‌ കൂടെ മേശപ്പുറത്തു കണ്ടു. കാര്യം തിരക്കിയപ്പോൾ അശരീരി പോലെ ജീനയുടെ ശബ്ദം . "അതു നമ്മുടെ മുറ്റത്തെ പാഷൻ ഫ്രൂട്ട് കൊണ്ടുണ്ടാക്കിയതാ. അനൂപ് രാവിലെ ചോദിക്കുന്നുണ്ട്, കൊറോണക്കാലത്തു ജ്യൂസ്‌ ഒന്നുമില്ലേന്ന്".ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു "ഞാൻ നമ്മുടെ കോൺഫെറെൻസിന് രണ്ടു തവണ കൊണ്ടുപോയതോടെ  ഓൻ ബ്രിഡ്ജ് കോഴ്സ് പാസ്സായോ". സംസാരത്തെ മുറിച്ചു കൊണ്ടു മൊബൈൽ റിംഗ് ചെയ്തു തുടങ്ങി. പരിചയമില്ലാത്ത ഒരു നമ്പറും ഇപ്പോൾ എടുക്കാറില്ല. ഇൻഷുറൻസ്കാരും മാർക്കറ്റിങ്ങുകാ രും സമയകാല സ്‌ഥലബോധമില്ലാതെ വിളിക്കും. വെറുതെ വിളിക്കുന്നവനും കേൾക്കുന്നവനും മുഷിയേണ്ടല്ലോ എന്ന് കരുതി ഫോൺ എടുക്കാറില്ല..ഞാൻ പലപ്പോഴും പറയും ഈ ഫോൺ ഒക്കെ ഓഫ്‌ ആക്കി നടക്കാൻ പറ്റുകയെന്നതാണെന്റെ സ്വപ്നം. ജോലിയുടെ സ്വഭാവം കൊണ്ടു അതൊട്ടു നടക്കാൻ പോകുന്നില്ല എന്നെനിക്കു നന്നായറിയാം. രണ്ടാമതും ഫോൺ ബെല്ലടിച്ചപ്പോൾ ഈ ഞായറാഴ്ച വീണ്ടും വിളിച്ചവൻ അത്യാവശ്യക്കാരൻ ആവുമെന്ന് തോന്നി എടുത്തു."ഏട്ടാ ഞാൻ ഹരിയാ. ഇപ്പോൾ സംസാരിക്കാൻ ആയപ്പോ ഒന്ന് വിളിച്ചതാ.. തൊണ്ടയിലെ ട്യൂബ് അമർത്തി പിടിച്ചു ശബ്ദം വന്നപ്പോൾ അടുത്തു നിൽക്കുന്ന നഴ്സിന്റെ ഫോൺ വാങ്ങി ആദ്യം ഏട്ടനെ വിളിക്കണമെന്ന് തോന്നി ".
എനിക്കവന്റെ  ഉത്സാഹവും ഉണർവും ആ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞു .
ഓർമ്മകൾ ഒരു മൂന്നുമാസം പുറകിലേക്ക് പോയി. അഭിശപ്തമായ ഒരു രാത്രിയിൽ കലഹിച്ചിറങ്ങിപ്പോയ  ഹരി വാഹനാപകടത്തിൽ പെട്ട് നട്ടെല്ലും വാരിയെല്ലുകളും പൊട്ടി  ആശുപത്രിയിലായി.കാലുകൾ രണ്ടും തളർന്നുപോയ അവന്റെ ശ്വാസം വെന്റിലേറ്ററിന്റെ സഹായത്തോടെ നടക്കുന്നു. പരിചയമുള്ള ഡോക്ടർമാരായതുകൊണ്ട് കാര്യങ്ങൾ കൃത്യമായി മനസ്സിലായി. എല്ലാ വിവരങ്ങളും ദിവസവും ഞാൻ അറിയുന്നുണ്ടായിരുന്നു.സാവധാനം ശ്വാസം സ്വന്തം നിലയ്ക്കു എടുത്തു തുടങ്ങിയപ്പോൾ അവൻ എന്നെ കാണണമെന്ന് പറഞ്ഞു. ഞാനും ജീനയും കൂടെ ഉത്രാടത്തിന്റെയന്നു ഉച്ചയ്ക്ക് അവനെ കാണാൻ ചെന്നു . ഞാൻ പറഞ്ഞു "നീ ഇത്രയും കാലം പാർട്ടി പ്രവർത്തനവും ജീവ കാരുണ്യ പ്രവർത്തനവുമൊക്കയായി മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു,കല്യാണം പോലും കഴിക്കാതെ.ഇനി നിനക്ക് വേണ്ടി കൂടി ജീവിക്കണം. ഞങ്ങൾ എല്ലാവരുമുണ്ട് നിന്റെ കൂടെ. നിന്റെ ശരീരത്തിലെ ഇട്ടിരിക്കുന്ന ഈ ഓരോ ട്യൂബുകളും എടുത്തു മാറ്റി നടന്നു തുടങ്ങണം. ശരീരത്തിന്റെ തളർച്ചയെ അതിജീവിക്കാൻ മനസ്സിന്റെ കരുത്തു കൊണ്ടാവും. ജീവിതം പോസിറ്റീവ് ആയി കാണുന്നവർക്കുള്ളതാണ്."ഞാൻ പറഞ്ഞു നിർത്തിയപ്പോൾ  കണ്ണ് നിറഞെങ്കിലും  അവൻ നന്നായി ചിരിച്ചു. ആ ഹരിയാണ് ഇപ്പോൾ ശ്വാസത്തിനു വേണ്ടി കഴുത്തിൽ ഇട്ട ട്രാക്കിയോസ്ടോമി ട്യൂബ് അടച്ചു സംസാരിച്ചത്. ജീവിതം പ്രതീക്ഷളുടേതാണ്. അത് നമ്മൾ ജ്വലിപ്പിച്ചു കൊണ്ടേയിരിക്കണം.കുറച്ചു ദിവസത്തിന് ശേഷം  അവന്റെ അമ്മാവൻ രാധാകൃഷ്ണേട്ടൻ ദേശമംഗലത്തു നിന്നു വിളിച്ചപ്പോൾ പറഞ്ഞത് ഹരിയുടെ ആരോഗ്യം നിങ്ങൾ വന്നു പോയതോടെ കുറെ മെച്ചപ്പെട്ടു എന്നാണ്. ഒരു ഡോക്ടർ രോഗിയുടെ ശരീരത്തെ മാത്രമല്ല മനസ്സിനെ കൂടി ചികിൽസിക്കണം.

 കഴിഞ്ഞ ദിവസം രാത്രി ഹോസ്പിറ്റൽ സൂപ്പർവൈസർ ഷമീം വിളിച്ചു പറഞ്ഞു. "സാറെ ജസീം ഡോക്ടർ ഒരു പേഷ്യന്റിനെ  അഡ്മിറ്റാക്കിയിട്ടുണ്ട്.പ്രായം കൂടിയ ആളാണ് . കാല് പൊട്ടിയിട്ടു വന്നതാ. സാറ് കണ്ടിട്ട് ബാക്കി തീരുമാനിക്കാം എന്ന് പറഞ്ഞു" ശരി ഞാൻ കാണാം എന്നുറപ്പ് കൊടുത്തപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു ഇത് ഏതോ കൊസ്രക്കൊള്ളി തന്നെ. പൂമംഗലത്തു താമസിക്കുമ്പോൾ  പറമ്പിൽ പണിക്ക് അമ്മ  വിളിച്ചിരുന്ന  ജപ്പാൻ കുഞ്ഞമ്പുവേട്ടന്റെ ഡിക്ഷണറിയിൽ നിന്നു ഞാൻ പഠിച്ച വാക്കാണീ കൊസ്രാക്കൊള്ളി. അത്ര എളുപ്പത്തിൽ പണി തീർക്കാൻ പറ്റാത്ത ജോലി വരുമ്പോ മൂപ്പര് പറയുന്നതാ.. ഓരോ കൊസ്രക്കൊള്ളികൾ.
വാർഡിൽ ചെന്നു പേഷ്യന്റിനെ കണ്ടു. കുഞ്ഞമ്മ 87വയസ്സ്.കിടന്ന കിടപ്പിൽ തന്നെ ആ വല്യമ്മ എന്നെ നോക്കി കൈകൂപ്പി.വേദനയ്ക്കിടയിലും അവർ കൈകൂപ്പി സംസാരിച്ചതെന്നെ അത്ഭുത പ്പെടുത്തി."ഡോക്ടറെ, എന്റെ കാലക്കേട് എന്ന് പറഞ്ഞാ മതിയല്ലോ.എനിക്കാരുമില്ല. മക്കൾ രണ്ടാളും മരിച്ചു പോയി. മരുമോളാ കൂടെയുള്ളത്. ഓളെ കഷ്ടപ്പെടുത്താൻ വയ്യ. എങ്ങനെയെങ്കിലും ഒന്ന് നടന്നു കിട്ടിയാ മതി"ഞാനെന്റെ പരി ശോധനകൾ  പൂർത്തിയാക്കി റിപ്പോർട്ടുകൾ നോക്കി.തുടയെല്ല് പൊട്ടി സ്‌ഥാനം  തെറ്റിയിരിക്കുന്നു.ഹൃദയത്തിന്റെ പമ്പിങ് മുപ്പതു ശതമാനത്തിൽ താഴെ. രക്ത സമ്മർദ്ദത്തിന് മരുന്നു കഴിക്കുന്നു കൂട്ടത്തിൽ അസ്തമയ്ക്കും.വൃക്കകളുടെ പ്രവർത്തനത്തേയും  പ്രായം ബാധിച്ചു തുടങ്ങിയെന്നു റിപ്പോർട്ട്‌ പറയുന്നു. കുഞ്ഞമ്മയോട് ഒക്കെ ശരിയാവും ഒട്ടും പേടിക്കേണ്ട എന്ന പതിവ് വാചകം പറഞ്ഞപ്പോൾ അവർ വീണ്ടും കൈകൂപ്പി പറയുന്നു ഞാൻ സാറിനെ പ്രത്യേകം കണ്ടു വേണ്ടത് തന്നോളാം. ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു നിങ്ങളുടെയൊക്കെ സ്നേഹം തന്നെ ധാരാളം. ബൈസ്റ്റാൻഡേരെയും കൂട്ടി മുറിയിൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ ഓർമ വന്നത് അച്ഛന്റെ ചേച്ചി അമ്മാൾച്ചി എന്നെല്ലാവരും വിളിക്കുന്ന വല്യമ്മയെയാണ്. മക്കളില്ലാത്ത വല്യമ്മയ്ക്ക് ഞാനും ഉഷേച്ചിയുമായിരുന്നു മക്കൾ. വീട്ടിലെ കാര്യസ്‌ഥൻ കൈപ്പാട് നാരായണേട്ടൻ, കിണറിൽ ഒരു സ്റ്റീൽ ഗ്ലാസ്സ് വീണല്ലോ അമ്മാൾച്ചി ഇനി എന്താ ചെയ്യ എന്ന് പറഞ്ഞു തലയും ചൊറിഞ്ഞു നിന്നപ്പോൾ ഉടുമുണ്ട്  മേലോട്ട് ചുരുട്ടി കെട്ടി കിണറിന്റെ പടവുകൾ ഒരു സർക്കസ്സുകാരിയുടെ മെയ് വഴക്ക ത്തോടെ ചവിട്ടി ഇറങ്ങി രണ്ടാൾ താഴ്ച വെള്ളമുള്ള കിണറിൽ ഇറങ്ങി ഗ്ലാസുമെടുത്തു മേലോട്ട് കയറിവന്ന എൺപത്തിനാലു വയസ്സുള്ള അമ്മാളു വല്യമ്മ എനിക്കെന്നും ഒരത്ഭുത മായിരുന്നു. ഈ കുഞ്ഞമ്മ അമ്മൾച്ചിയെ ഓർമിപ്പിച്ചു.
ഓപ്പറേഷൻ സമയത്ത് സംഭവിക്കാവുന്ന മരണമുൾപ്പെടെയുള്ള  പ്രശ്നങ്ങൾ കുഞ്ഞമ്മയുടെ മരുമോളോട് പറഞ്ഞപ്പോൾ അവർ പറഞ്ഞതിത്ര മാത്രം." സാറ് വേണ്ടത് പോലെ ചെയ്യും എന്നറിയാം. ഞങ്ങൾക്ക് വേറാരും ഇല്ല."
സാറ് ഓക്കേ പറഞ്ഞാൽ ഞാൻ റെഡി എന്ന് ഡോ. ജസീമും പറഞ്ഞതോടെ ഓപ്പറേഷൻ ഫിക്സ് ചെയ്തു. സങ്കീർണമായ സർജ്ജറി പോസ്റ്റ്‌ ചെയ്തു കഴിഞ്ഞാൽ തീയേറ്റർ നേഴ്സ് സൽമയും  അനസ്തേഷ്യ ടെക്‌നിഷ്യൻ ഇർഫാനയും എന്റെ ഭാവമാറ്റങ്ങളെ പേടിയോടെ നോക്കിക്കാണും, ഞാൻ ഏത്‌ നിമിഷമാണ് പൊട്ടിത്തെറിക്കുക എന്ന ഭയപ്പാടിൽ നിൽക്കുമ്പോൾ  ഞാനവരോട്  പറയും. "ഇത്തരം സർജ്ജറികൾ നൂൽപാലത്തിലൂടെയുള്ള ഒരു യാത്രയാണ്. അത്യന്തം ജാഗ്രത ഓരോ നിമിഷവും വേണം. നിങ്ങൾ  പേടിച്ചാൽ ചെയ്യാൻ വിചാരിച്ച കാര്യം പോലും മര്യാദയ്ക്ക് ചെയ്യാനാവില്ല"
കുഞ്ഞമ്മയെ ഓപ്പറേഷൻ ടേബിളിൽ കിടത്തി  മോണിറ്റരുകളൊക്ക ഘടിപ്പിച്ചു, ഓരോ ഹൃദയമിടിപ്പിലും രക്ത സമ്മർദ്ദം അറിയാനുള്ള ആർറ്റീരിയൽ ബിപി മോണിറ്ററിങ് കൂടി ഇവർക്ക് ഞാൻ ഘടിപ്പിച്ചു. സങ്കീർണമായ രോഗങ്ങളുള്ളവർക്ക്  അനസ്‌തേഷ്യ നൽകു മ്പോൾ എനിക്കേറ്റവും ഉപകാരപ്പെടുന്നത് ഈ മോണിറ്റർ ആണ്.ഓപ്പറേഷൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ  മോണിറ്ററിൽ കുഞ്ഞമ്മയുടെ  ഹൃദയ താളങ്ങൾ ആ ടിയുലമ്പോൾ ഇർഫാന ഭയപ്പാടോടെ ഫേസ്ഷീൽഡിലൂടെ എന്നെ നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു. ഞാൻ ടെൻഷൻ അടിച്ചാൽ തീയേറ്ററിലുള്ള മുഴുവൻ ആൾക്കാരും പതറും എന്നുറപ്പുള്ളത് കൊണ്ടു തന്നെ എന്റെ ആശങ്കകൾ  മുഖത്തു വരാതിരിക്കാൻ ഏറെ പണിപ്പെടാറുണ്ട്.കുഞ്ഞമ്മയുടെ പ്രഷർ മോണിറ്ററിൽ താണുതുടങ്ങിയപ്പോൾ ഉടൻ noradrenaline drug infusion ഇടാനും ഓക്സിജൻ മാസ്ക് വെയ്ക്കാനും പറഞ്ഞു ഡെഫിബ്രിലേറ്റർ ഞാൻ ഓൺ ചെയ്യുമ്പോൾ കുഞ്ഞമ്മ ഇർഫാനയോടു പറയുന്നു "എന്റെ മരുമോളെ നീയൊന്നു വിളി. എനിക്ക് ഛർദ്ദിക്കാനുള്ള പാത്രം തരാൻ പറ "ഈ ഘട്ടത്തിൽ ഛർദ്ദിക്കാനുള്ള തോന്നൽ വരാനിരിക്കുന്ന കാർഡിയാക് അറസ്റ്റിന്റെ മുന്നറിയിപ്പാണ് .രക്ത സമ്മർദ്ദം എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ പറ്റിയില്ലെങ്കിൽ ഇനി ഒരു തിരിച്ചു വരവ് അസാധ്യം. ആടിയുലഞ്ഞ വഞ്ചി സമചിത്തത കൈവിടാതെ  ഓളപ്പരപ്പിലൂടെ മുന്നോട്ടു തുഴഞ്ഞപ്പോൾ  അങ്ങകലെ കര കണ്ടു തുടങ്ങി. ആശ്വാസത്തിന്റെ നെടുവീർപ്പിനൊപ്പം ഓപ്പറേഷൻ തീയേറ്ററിന്റെ ശീതളിമയിലും നെറ്റിയിൽ നിന്നുരുണ്ടു വീണ വിയർപ്പുകണങ്ങൾക്കിടയിലൂടെയും കുഞ്ഞമ്മയുടെ നരച്ച കണ്ണിലെ തിളക്കം ഞാൻ പ്രതീക്ഷയോടെ കണ്ടു. ഓപ്പറേഷൻ കഴിഞ്ഞു ഐ സി യു വിലും യാത്ര ദുർഘടം പിടിച്ചത് തന്നെയായിരുന്നു. ഏറെക്കുറെ അവരുടെ ആരോഗ്യ നില തൃപ്തികരമായപ്പോൾ  അവരെ റൂമിലേയ്ക്ക് മാറ്റി.പൊതുവെ ഞാൻ കണ്ടിട്ടുള്ളത് പോസിറ്റീവ് ചിന്താഗതിക്കാരായ കുടുംബാംഗങ്ങളുടെ സാന്നിധ്യം മരുന്നിന്റെ ഫലപ്രാപ്തി കൂട്ടുന്നു എന്നാണ്.മരുമോളുടെ കൂടെയാകുമ്പോൾ കുഞ്ഞമ്മയ്ക്കും
ഒരൂർജ്ജം കിട്ടുമല്ലോ.
റൂമിലേയ്ക്ക് മാറ്റിക്കഴിഞ്ഞാൽ സാധാരണ ഞാൻ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലേ രോഗികളെ കാണാറുള്ളു.അവിടെ പിന്നെ സർജൻ തന്നെയാണ് റൌണ്ട്സ് നടത്താറ്. ഇന്ന് ഹരിയുടെ ഫോൺ വിളി വന്നപ്പോൾ കുഞ്ഞമ്മയുടെ കാര്യം കൂടി അറിയാൻ ഒരു താല്പര്യം തോന്നി. ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്പർവൈസറുടെ ഫോണിൽ വിളിച്ചപ്പോൾ എടുത്ത  വിനിത സിസ്റ്റർ  അവരുടെ അടുത്ത് ചെന്നു വിശേഷങ്ങൾ തിരക്കിയപ്പോൾ അവർക്കറിയേണ്ടത് ആ വെളുത്ത ഡോക്ടർ കാണാൻ വരാത്ത തെന്താന്ന് മാത്രം. കറുപ്പും വെളുപ്പും ഒക്കെ ഓരോരുത്തർക്കും ഓർത്തു വെയ്ക്കാനുള്ള അടയാളങ്ങളല്ലേ.

Thursday, October 8, 2020

ചേലോൽക്ക് ശരിയാവും


               
 ഇന്നത്തെ സർജറികൾ  മിക്കവാറും എല്ലാം സങ്കീർണതകൾ നിറ ഞ്ഞതായത് കൊണ്ടു തന്നെ മാന സികവും ശാരീരികവുമായി ക്ഷീണിതനായെങ്കിലും ഞാൻ തികഞ്ഞ സംതൃപ്തിയിലാ യായിരുന്നു. കൊറോണകാലത്തു  ഒരു അനസ്തീസിയോളജിസ്റ്റിനെ സംബന്ധി ച്ചിടത്തോളം എല്ലാം high risk category കേസുകൾ തന്നെ. അത്‌ കൊണ്ടു തന്നെ രോഗികളെല്ലാവരും ഐ.സി.യുവിൽ പ്രശ്നങ്ങളൊന്നുമില്ലാതെ കിടക്കുന്നതു  കണ്ടപ്പോൾ ഇനി എത്രയും പെട്ടെന്ന് വീട്ടിലെത്തി ഇരുട്ടുന്നതിനുമുമ്പേ ഷട്ടിൽ ബാഡ്മിന്റൺ  കളിക്കാൻ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു.ബാഡ്മിന്റൺ കോച്ചിംഗ് മുടങ്ങിയതിനോടൊപ്പം ഓൺലൈൻ ക്ലാസ്സിന്റെ തടവറയിൽ അകപ്പെട്ടത്തോടെ നേഹ വൈകീട്ട് ഞാൻ വരുന്നതും കാത്തിരിപ്പുണ്ടാവും.കളി തുടങ്ങിയതോടെ അവന്തികയും  ജീനയുമുൾപ്പെടെ ഒരു ഡബിൾസ് ടീമുണ്ടാക്കിയുള്ള വൈകുന്നേരത്ത ഈ പ്രാക്ടീസ് എനിക്കും ഏറെ ഇഷ്ടമാണ്. ഹോസ്പിറ്റലിൽ നിന്നു വേഗം ഇറങ്ങാൻ നിൽക്കുമ്പോഴാണ് സർജറി കോർഡിനേറ്റർ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സാർ തിരക്കിലാണോ എന്ന ഔപചാരിക ചോദ്യം ചോദിച്ചു എന്നെ തടുത്തു നിർത്തി തന്ത്രത്തിൽ അവൾ കാര്യം അവതരിപ്പിച്ചു.. "സർജന്റെ ഒപിയിൽ നിന്ന് വിട്ടൊരു consultation ഉണ്ട്. അതും കൂടി ഒന്നു കണ്ട്കൂടെ. ബൈസ്റ്റാൻഡേറെ വിളിക്കട്ടെ "എന്ന അടുത്ത നടപടിയിലേക്കാവൾ കടന്നു കഴിഞ്ഞു. കോവിഡ് കാലമായതു കൊണ്ടു എല്ലാ പടച്ചട്ടകളും ചിട്ടവട്ടത്തോടെ തന്നെ അണിഞ്ഞു. ബൈസ്റ്റാൻഡർ ഒരു കെട്ട് കടലാസുകൾ മുന്നിലേക്കിട്ടപ്പോൾ തന്നെ കാര്യം പിടികിട്ടി ഇതു കൂടുതൽ സങ്കീർണമായ കേസ് ആകുമെന്ന്. ഫേസ് ഷീൽഡിനിടയിലൂടെ ഓരോ പേജും വായിച്ചെടുത്തപ്പോൾ മനസ്സിലായത് ഇത്രയും. 84വയസ്സുകാരൻ കാർഡിയോമയോപ്പതി എന്ന ഹൃദ്രോഗമുണ്ട്. ആസ്ത്മ മൂർച്ഛിച്ചു അടുത്ത ഘട്ടത്തിൽ ആയിട്ടുണ്ട്. രണ്ടു വർഷംമുമ്പ്  പക്ഷാഘാതം വന്നതാണ്. കംപ്ലീറ്റ് ഹെർണിയയ്ക്കുള്ള ഓപ്പറേഷൻ വേണം. ഒരു പാട് പ്രശ്നങ്ങൾ ഉള്ളയാൾക്ക് ഒരു സർജറി അതും കോവിഡ് പരീക്ഷണകാലത്ത്.ബൈസ്റ്റാൻഡേറെ  കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഓപ്പറേഷൻ സമയത്ത് മരണം വരെ സംഭവിക്കാം എന്ന പഞ്ച് ഡയലോഗ് ഇട്ടപ്പോൾ അയാളുടെ മറുപടി സ്‌ഥിരം ശൈലിയിൽ. "വേറെ പ്രശ്നം ഒന്നുമില്ലല്ലോ  ഡോക്ടർ." രോഗിയെ കണ്ടിട്ട് ബാക്കി തീരുമാനിക്കാമെന്നു പറഞ്ഞു ഞാൻ അവരെ പറഞ്ഞു വിട്ടു. പണ്ട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്ത് ബ്രെയിൻ ട്യൂമർ വന്ന എന്റെ നാട്ടിലെ ചെറുപ്പക്കാരനെ ഏതൊക്കയോ വിധേന ന്യൂറോ സർജറി ഡിപ്പാർട്മെന്റിൽ അഡ്മിറ്റാക്കി.മെഡിക്കൽ സ്റ്റുഡന്റ്സിന്റെ അഭിമാന പ്രശ്നമാണ് നാട്ടിൽ നിന്നു മെഡിക്കൽ കോളേജിൽ കാണിക്കാൻ വരുന്ന രോഗികൾ.കോളേജിൽ അവർക്ക് കാര്യങ്ങൾ മര്യാദയ്ക്ക് നടന്നില്ലെങ്കിൽ നാട്ടിൽ തിരിച്ചെത്തിയാൽ നമ്മൾക്ക് യാതൊരു വിലയുമുണ്ടാകില്ല. അതു കൊണ്ടു തന്നെ സീനിയർ ചേട്ടന്മാരുടെ കാലുപിടിച്ചു നീണ്ട സർജ്ജറി വെയ്റ്റിങ് ലിസ്റ്റിൽ എന്റെ നാട്ടുകാരന്റെ പേര് തിരുകികയറ്റിയതാണ്.അത്രയധികം രോഗികൾക്കും  കോഴിക്കോട് മെഡിക്കൽ കോളേജു മാത്രമായിരുന്നു അന്ന് ആശ്രയം. അങ്ങനെ വിജയ ശ്രീലാളിതനായി  ഇരിക്കുമ്പോഴുണ്ട് സർജറിയ്ക്ക് തലേദിവസം രോഗിയും കൂട്ടിരിപ്പുകാരനും പായയും തലയിണയുമൊക്കെ ചുരുട്ടി കെട്ടി എന്റെ ഹോസ്റ്റൽ മുറിയ്ക്ക് മുന്നിൽ ഹാജർ. എന്റെ അന്ധാളിപ്പ് കണ്ടിട്ടാണെന്നു തോന്നുന്നു എന്തെങ്കിലും ചോദിക്കും മുമ്പേ അവർ പറഞ്ഞു തുടങ്ങി. "ഞങ്ങ തിരിച്ചു നാട്ടിലേക്ക് തന്നെ പോവാ. വല്ല്യ ഡോക്ടർ പറഞ്ഞു.തല വെട്ടിപ്പൊളിച്ചുള്ള ഓപ്പറേഷൻആണ്.  ഇപ്പോൾ ജീവനെങ്കിലുമുണ്ട്. ഓപ്പറേഷൻ കഴിഞ്ഞാ അതും ഉറപ്പില്ലാന്ന് ". സമ്മതപത്രം ഒപ്പിടാൻ വേണ്ടിയുള്ള കൗൺസിലിങ് കേട്ട് പേടിച്ചു ഓടി വന്നതാണ്. ആ ബ്രമാസ്ത്രം തന്നെ ഞാനും വർഷങ്ങൾക്ക് ശേഷം ഇവിടെ തൊടുത്തു വിട്ടു. അവരിനി ഈ വഴി തിരിച്ചു വരില്ലെന്ന് തന്നെ ഞാനുറപ്പിച്ചു. 
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വടിയും കുത്തി ഒരാൾ എന്റെ മുറിയിലേക്ക് കയറി വന്നു. കൂടെ രണ്ടു ദിവസം മുമ്പേ വന്ന ബൈസ്റ്റാൻഡേരെ കണ്ടപ്പോൾ കാര്യം പിടികിട്ടി.അങ്ങേരു നയം വ്യക്തമാക്കി. "ഡോക്ടറെ എന്തായാലും ഓപ്പറേഷൻ വേണം. ഇനിയും സഹിക്കാൻ പറ്റൂല. കഴിഞ്ഞ ഇരുപത് കൊല്ലമായി സഹിക്കുന്നു. ഇപ്പോൾ ഇരിക്കാനും നടക്കാനും പറ്റുന്നില്ല. "ഒരു ഹെർണിയ ഇത്രേം പ്രശ്നമുണ്ടാക്കുമോ എന്ന സംശയം പെട്ടെന്ന് മാറി. മുണ്ട് വകഞ്ഞു മാറ്റി അദ്ദേഹം  ഹെർണിയ കാണിച്ചു തന്നു. ഒരു പൊതിക്കാത്ത തേങ്ങയെക്കാൾ വലുത്. സർജന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി. അയാളുടെ വൃഷണ സഞ്ചിയിൽ കുടുങ്ങി കിടക്കുന്ന ചെറുകുടൽ വയറിൽ വെച്ചാൽ തന്നെ വയറു പെരുത്ത്  ശ്വാസം മുട്ടൽ ഉണ്ടാകും  . അപ്പോൾ ശ്വാസം മുട്ടലും ഹൃദ്രോ ഗവുമുള്ള ആളുടെ അവസ്‌ഥയെന്താവും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.  പൊതുവെ ശാന്തനും സൗമ്യനും ആത്മാർഥമായി സർജറി ചെയ്യുന്നതിൽ മിടുക്കും കാണിച്ചിരുന്ന  ഡോ.നസീഫ് അങ്ങനെ പറഞ്ഞതോടെ പന്ത് പൂർണമായും എന്റെ കോർട്ടിൽ തന്നെയായി.
വാർദ്ധക്യത്തിലും  പ്രതീക്ഷയുടെ തിളക്കം ആ രോഗിയുടെ കണ്ണുകളിൽ ഞാൻ കണ്ടു.ഒരുപാട് പേര് അപകട സാധ്യത പറഞ്ഞു ഒഴിവാക്കിയ കേസ് ആണ്. ഞാനും കൂടി നിരസിക്കരുതേയെന്ന അപേക്ഷയും ആ മുഖത്തു ഞാൻ വായിച്ചു. 

പട്ടാളക്കഥ പോലെ ഡോക്ടറുടെ വീരവാദം കേൾക്കുന്ന കുടുംബസസദസ്സിൽ ഈ രോഗിയുടെ കഥ പറഞ്ഞപ്പോൾ അമ്മായിയച്ഛൻ  പറഞ്ഞ വാചകം മനസ്സിലൊരു കുളിർമ നൽകി. "ചേലോൽക്ക് ശരിയാവും. ചേലോൽക്ക് ശരിയാവൂല  ഇങ്ങളെ കാര്യത്തിൽ അത് ശരിയാവും ഉറപ്പാ " വിശ്വാസം തെറ്റിയില്ല.വൃഷണ സഞ്ചിയിൽ നിന്ന്  രണ്ടടിയിൽ കൂടുതൽ നീളത്തിലുള്ള ചെറുകുടൽ  തിരിച്ചു വയറിനകത്തു തന്നെ നിക്ഷേപിക്കുമ്പോൾ പാതി മാത്രം പ്രവർത്തിക്കുന്ന ഹൃദയവും ശ്വാസകോശ വും അനസ്തേഷ്യ സമയത്തും തുടർന്നും  അച്ചടക്കത്തോടെ  തന്നെ നിന്നു. ചില രോഗികൾ തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അനുഭവങ്ങൾ അതു ജ്വലിപ്പിച്ചു കൊണ്ടേയിരിക്കും.

Wednesday, October 7, 2020

കാലം കാത്തു വെച്ച അനുഭവങ്ങൾ

*കാലം കാത്തു വെച്ച അനുഭവങ്ങൾ*
           ഡോ. മുരളീധരൻ 
ആതുര ശുശ്രൂഷ മേഖലയിൽ  എന്നും ഏറ്റവും പുതിയ അറിവുകൾ സ്വായത്ത മാക്കാൻ  അർപ്പണ മനോഭാവം പുലർത്തുന്നവരാണ് ചികിത്സാ രംഗത്ത്  ഏറ്റവും മിടുക്കന്മാരായി  ശോഭിയ്ക്കുന്നത് . മുമ്പ് കാലത്ത് കിരീടം വെയ്ക്കാത്ത രാജാക്കന്മാരായി നാട്ടുംപുറത്തു ചില ഡോക്ടർമാരുണ്ടാവും. പല തലമുറകളുടെയും ചികിത്സകരാവും അവർ. കൃത്യമായി രോഗിയെ ചികിൽസിക്കാനും സ്പെഷ്യലിസ്റ്റ് ഡോക്ടറെ എപ്പോൾ കാണിക്കണമെന്നു ഉപദേശിക്കാനും  കഴിയുന്നവരാണ് ഈ ഡോക്ടർമാർ. ആ തലമുറ  ആതുര ശുശ്രൂഷ രംഗത്തെ  കുതിച്ചു ചാട്ടത്തിൽ അസ്തമിച്ചു തുടങ്ങി.
ഇവിടെ ഹോസ്പിറ്റലിൽ ഓർത്തോ പീഡിക്സ് വിഭാഗം ആക്‌സിഡന്റ് കേസുകൾക്ക് പുറമെ
 ആർത്രോസ്കോപിയിലും മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലും ഒക്കെ പേരെടുത്തു തുടങ്ങിയപ്പോൾ സ്‌പൈൻ സർജറി കേസുകളും വന്നു തുടങ്ങി. ഞങ്ങളുടെ ചുറുചുറുക്കുള്ള ഓർത്തോപീഡിഷ്യൻ
ഡോ ജസീം ഒരു രോഗിയുടെ കാര്യം പറഞ്ഞപ്പോൾ എനിക്കും ഉത്സാഹമായി. നിത്യവും ഓപ്പറേഷൻ ലിസ്റ്റിൽ കാണുന്ന  തുടയെല്ല് പൊട്ടി വരുന്നവർ മിക്കവരും  സപ്തതിയും  കഴിഞ്ഞു മുന്നേറുന്നവരാകും.ഒരുവിധം എല്ലാവർക്കും തന്നെ പ്രഷറും പ്രമേഹവും ഹൃദ്രോഗവുമൊക്ക കൂടെ കാണും.ഒരു അനസ്തീ സിയോളജിസ്റ്റിനെ മുൾമുനയിൽ നിർത്തുന്നതാണീ സർജറികൾ. ഇതൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന് സ്‌പൈൻ സർജറി പ്ലാൻ  ചെയ്തപ്പോൾ ഹൃദ്രോഗം നൽകുന്ന അധിക ഭാരമില്ല.ആ ആശ്വാസം ഉണ്ടെങ്കിലും  രോഗിയെ കമിഴ്ത്തി കിടത്തി ഓപ്പറേഷൻ ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഏറെ  പ്രധാനമാണ്.അനസ്തേഷ്യയിൽ ശരീരം തളർത്തിക്കിടക്കുന്നയാളിന്റെ ശ്വാസനിശ്വാസങ്ങൾ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ കണ്ണ് പോലുള്ള മറ്റു ശരീരഭാഗങ്ങൾ അമർന്നു ക്ഷതം സംഭവിക്കാതെയും നോക്കണം. പ്രത്യേകതരം സ്പോൺജുകളും കുഷ്യനുകളും ഇതിനുപയോഗിക്കുന്നു. സാധാരണ അടുത്തുള്ള ട്രോളിയിൽ കിടത്തി പൂർണമായും മയക്കി ശരീരം തളർത്തി ശ്വാസകോസത്തിൽ ട്യൂബ് കടത്തി വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസനം സാധ്യമാക്കുന്നു. ഈ രോഗിയെ അതേപോലെ തൊട്ടടുത്തുള്ള ഓപ്പറേഷൻ ടേബിളിലേക്ക് കമിഴ്ത്തി കിടത്തുമ്പോൾ വ്യക്തമായ പരസ്പര ധാരണ വേണം.സർജനും  അനസ്തീ സിയോളജിസ്റ്റും നഴ്സിംഗ് സ്റ്റാഫും ടെക്‌നിഷ്യൻമാരും  എല്ലാവരും കൂടി  രോഗിയെ വളരെ ശ്രദ്ധാപൂർവം പൊക്കിയെടുത്തു കിടത്തുമ്പോൾ നാട്ടിൽ പണ്ട് വലിയ മരം മുറിച്ചു ലോറിയിൽ കയറ്റുമ്പോൾ താളാത്മകമായി ഹൈലേസ പാടുന്ന കണ്ണേട്ടന്റെ  റോളിലേക്ക് ഞാൻ പരകായപ്രാവേശം തേടിയപോലെയാണ് തോന്നിയത്. തടി കയറ്റുമ്പോൾ അതുരുണ്ട് താഴേക്കു വരാതെ നോക്കിയാൽ മാത്രം പോര ഇവിടെ,ശരീരത്തിൽ എവിടെയും ക്ഷതം വരാതെയും  നോക്കണം.മാത്രമല്ല ഭാരക്കൂ ടുതലുള്ള രോഗിയാണെങ്കിൽ അവരെ താങ്ങിയെടുക്കുന്ന സ്റ്റാഫിന്റെ നടുവുളുക്കാതെയും ശ്രദ്ധിക്കണം.
ഒരു വിമാനം പറക്കാൻ തുടങ്ങുന്നതോടെ അതിന്റെ പൂർണ നിയന്ത്രണം ഫ്ലയിങ് ക്യാപ്റ്റനാണെന്ന് പറയുന്നപോലെ അനസ്‌തേഷ്യ നൽകി കഴിഞ്ഞാൽ പിന്നെ രോഗിയെ തിരിക്കാനോ മറിക്കാനോ എന്തിന് തൊടാൻ പോലും അനസ്തീ സിയോളജിസ്റ്റിന്റെ അനുവാദം വേണം അതാണ് കീഴ്‌വഴക്കം. അങ്ങനെ നമ്മുടെ രോഗിയെ വളരെ വിജയകരമായി പൊസിഷൻ ചെയ്തു  കഴിഞ്ഞപ്പോഴാണ് എന്റെയും
ഡോ. ജസീമിന്റെയും കണ്ണുകൾ ഒരു ചെറിയകുരുവിലേക്കു ഉടക്കി നിന്നത്. ഓപ്പറേഷൻ ചെയ്യേണ്ട നട്ടെല്ലിൽ നിന്നു ഒരു ചാൺ  മാറി ഒരു ഗോതമ്പു മണിയുടെ വലിപ്പത്തിൽ ഒരു കുരു. കുഴപ്പമൊന്നുമില്ല അല്ലെ സാറെ എന്നു പറഞ്ഞു ജസീം അതൊന്ന് പിടിച്ചമർത്തിയപ്പോൾ അതിൽ നിന്നു നീരൊലിയ്ക്കാൻ തുടങ്ങി.പണ്ട് പൂമംഗലത്തെ തറവാട്ട് വീട്ടിന്റെ കോലായയിൽ കിടത്തി അച്ഛമ്മ ഞങ്ങൾക്ക് പറഞ്ഞു തന്ന തക്ഷകന്റെയും പരീക്ഷിതിന്റെയും കഥ എനിക്കോർമ്മ വന്നു. നിസ്സാരമായ പുഴുവിനെ വെല്ലുവിളിച്ചു കഴുത്തിൽ വെച്ച പരീക്ഷിതു മഹാരാജാവിനെ ആ പുഴു പിന്നെ വളർന്നു  തക്ഷകൻ ആയി മാറി ദംശിച്ചു  പരലോകത്തേയ്ക്കയച്ച   കഥ. കഷ്ടകാലത്തിന് ഈ കുരുവിൽ നിന്നു വല്ല അണുബാധയും പൊട്ടിപുറപ്പെട്ടാൽ ഓപ്പറേഷനു ശേഷമുള്ള അവസ്‌ഥ അതി ഗുരുതരമാകും. അതു കൊണ്ടു കൂടുതൽ വെല്ലുവിളി ഏറ്റെടുക്കേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു . ഏറെ  മുന്നൊരുക്കങ്ങൾക്കും സന്നാഹങ്ങൾക്കും ശേഷം ഓപ്പറേഷൻ ക്യാൻസൽ ചെയ്യുക, അതും മയക്കം  കൊടുത്തതിനു ശേഷം. എല്ലാവരും നിരാശരായപ്പോൾ എന്നിലെ ക്യാപ്റ്റൻ വീണ്ടും ഉണർന്നു. ഞാൻ പറഞ്ഞു തുടങ്ങി. കേരളത്തിൽ ഗവണ്മെന്റ് മേഖലയിൽ ആദ്യത്തെ അയോർട്ടിക് റൂട്ട് റീപ്ലേസ്‌മെന്റ് സർജ്ജറിയുടെ അനുഭവം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഞാൻ കാർഡിയാക് അനസ്‌തേഷ്യയിൽ  ജോലി നോക്കുന്ന കാലം. 2003 മുതലുള്ള 5വർഷം. അന്ന് ഹൃദയശസ്ത്രക്രിയ കുറച്ചു കേന്ദ്രങ്ങളിൽ മാത്രമേ ഉള്ളൂ. മെഡിക്കൽ കോളേജിൽ  ഹോസ്പിറ്റലിൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പ്രത്യേക പ്രൊജക്റ്റ്‌ ആയി ഓപ്പൺ ഹാർട്ട്‌ യൂണിറ്റ് തുടങ്ങി ബൈപാസ് സർജ്ജറികളും വാൽവു മാറ്റിവെയ്ക്കൽ സർജ്ജറികളും ധാരാളമായി നടക്കുന്ന കാലം.സർജനും  അനസ്തീസീയോളജിസ്റ്റും തമ്മിലുള്ള   മാനസിക പൊരുത്തം  ഏറ്റവും കൂടുതൽ ഞാൻ കണ്ടിട്ടുള്ളതും ഇവിടെ തന്നെ . കാർഡിയാക് സർജ്ജറി വിഭാഗം മേധാവി പ്രൊഫസർ ബാലചന്ദ്രൻ നായർ എന്ന  ബാലു സാറും കാർഡിയാക്  അനസ്തീസിയോളജി മേധാവി ഗോപാലകൃഷ്ണൻ സാറും എനിക്ക് തന്ന സ്വാതന്ത്ര്യം ഞാൻ ആസ്വദിച്ച കാലം കൂടിയാണത്.
എം ബി ബി എസും, സർജ്ജറിയിൽ പോസ്റ്റ്‌ ഗ്രാഡുവേഷനും  കഴിഞ്ഞു കാർഡിയോ തൊറസിക് സർജ്ജറിയിൽ സൂപ്പർ സ്പെഷ്യലിറ്റി ഡിഗ്രി  ചെയ്യുന്ന  McH സ്റ്റുഡന്റ്‌സ് പ്രായം കൊണ്ടു എന്നേക്കാൾ  മൂത്തവരാണെങ്കിലും  അവർക്കുള്ള അഭിപ്രായങ്ങൾ ഡിപ്പാർട്മെന്റ് മേധാവിയായ  ബാലു സാറിൽ എത്തിക്കാൻ കണ്ട മാർഗം ഞാൻ വഴിയായിരുന്നു.നേരിട്ട് കിട്ടുന്ന വഴക്ക് ഒഴിവാകും, മാത്രമല്ല എന്നിലുള്ള വിശ്വാസവും സ്നേഹവും കൊണ്ടും  കാര്യം നടക്കും എന്നൊരുറുപ്പും അവർക്കുണ്ടായിരുന്നു. ഈ കാര്യങ്ങൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഓപ്പറേഷൻ ചെയ്യുമ്പോൾ സാറിനെ അസ്സിസ്റ്റ്‌ ചെയ്യുന്നതിന് കിട്ടുന്ന അവസരങ്ങളാണ്. ഒരുപാടു കണ്ടും അറിഞ്ഞുമാണ് ഒരു കാർഡിയാക് സർജൻ രൂപപെട്ടു വരുന്നത്. അസാമാന്യമായ ഏകാഗ്രതയും അർപ്പണ മനോഭാവവും അവിടെ വേണം. കാർഡിയോ തൊറാസിക് ഉപരിപഠനത്തിന് വരുന്നവർ കുടുംബത്തെ മറന്നേക്കണം എന്നാണ് പൊതുവെ പറയാറ്.
ഓപ്പറേഷന് വരുന്ന രോഗികളെ അതിനു സന്നദ്ധമാക്കുന്ന 'വർക്ക്‌ അപ്പ്‌ 'എന്ന ഓമന പേരിലറിയപ്പെടുന്ന  ഭാരിച്ച ജോലി ഈ സൂപ്പർ സ്പെഷ്യലിറ്റി പോസ്റ്റ്‌ ഗ്രാജുവേറ്റ്  സ്റ്റുഡന്റ് സിന്റെയാണ്.  ആവശ്യത്തിനുള്ള രക്തം ബാങ്കിൽ സജ്ജീകരിക്കുന്നത് മുതൽ എല്ലാ പരിശോധന ഫലങ്ങളും കൃത്യസമയത്ത്  ലഭ്യമാക്കുന്നത് വരെ ഇതിൽ പെടും.അന്ന് കാർഡിയോളജിയും പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് കൊണ്ടു തന്നെ ഏറ്റവും മിനിമം ടെസ്റ്റ്‌ ആയ എക്കോകാർഡിയോഗ്രാം  ചെയ്തു കിട്ടാൻ തന്നെ MCh സ്റ്റുഡന്റ്‌സ്  ഏറെ  കഷ്ടപ്പെട്ടിരുന്നു.

ഒരു ദിവസം ശ്വാസം മുട്ടലും കിതപ്പുമായി വന്ന ഒരു ചെറുപ്പക്കാരനെ വാൾവ് മാറ്റി വെയ്ക്കൽ  സർജറിയ്ക്ക് പോസ്റ്റ്‌ ചെയ്തു.നിത്യേന ഒന്നും രണ്ടും വാൾവ് സർജ്ജറി  നടക്കുന്ന യൂണിറ്റാ യതുകൊണ്ട് പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. പക്ഷെ  നെഞ്ചു തുറന്നപ്പോഴാണ് വാൾവ് മാത്രം മാറ്റിയാൽ പോര ഹൃദയത്തിൽ നിന്നാരംഭിക്കുന്ന ഏറ്റവും വലിയ രക്ത കുഴലായ മഹധാമനി കൂടി മാറ്റിയാലേ ദീർഘകാലത്തേയ്ക്ക് ആ രോഗിയ്ക്ക്  ഗുണകരമാവൂ  എന്ന് മനസ്സിലാവുന്നത്. അത്തരത്തിൽ ഒരു ഓപ്പറേഷൻ മെഡിക്കൽ കോളേജിൽ ഇന്നേവരെ  ചെയ്തിട്ടുമില്ല. പ്രത്യേകിച്ചുള്ള കൃത്രിമ ഗ്രാഫ്റ്റും വാൽവും ആസൂത്രണവും ആവശ്യമായ സങ്കീർണമായ ഒരു  സർജറിയാണത്. തുറന്നു വെച്ച നെഞ്ചിൻ കൂട്  തുന്നി കൂട്ടി ഓപ്പറേഷൻ ക്യാൻസൽ ചെയ്യുമ്പോൾ  ഈ മുപ്പത്തിരണ്ടു വയസ്സുകാരന്റെ ജീവിതവും സ്വപ്നവുമാണിവിടെ ഒടുങ്ങുന്നത്. ബാലു സർ തൊട്ടടുത്തുള്ള   ശ്രീ ചിത്രയിലേക്ക് രോഗിയെ റെഫർ ചെയ്യാമെന്നുള്ള നിർദേശവും നൽകി ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തേക്കിറങ്ങി. മാസങ്ങളുടെ വെയ്റ്റിംഗ് ലിസ്റ്റ് ഉള്ള ചിത്രയിൽ ഓപ്പറേഷൻ ചെയ്തു കിട്ടാൻ ഈ ചെറുപ്പക്കാരന്റെ ആയുസ്സ് കാത്തുനിന്ന് കൊള്ളണമെന്നില്ല. എല്ലാ ഡോക്ടർമാരും തന്റെ രോഗിയ്ക്കു സംഭവിക്കുന്ന ഈ ദുരവസ്‌ഥയിൽ ഏറെ വേദനിക്കുന്നവരാണ്. സമൂഹം കാണാതെ പോകുന്ന ഒരു മനസാണത്.രോഗിയെ തീയേറ്ററിൽ  നിന്നു മാറ്റുമ്പോൾ MCh സ്റ്റുഡന്റ്സ്  പുതിയ നിർദേശവുമായി എന്റെ ചുറ്റും കൂടി. "Murali sir you should convince balusir. We should do this surgery here. We will work up this again. His hands are good and he can" പറഞ്ഞു വന്നതിത്രയെയുള്ളു സാറ് കൈപ്പുണ്ണ്യമുള്ളയാളാ യത് കൊണ്ടു ചെയ്താൽ വിജയിക്കും.അതു ഞാൻ പറഞ്ഞു സമ്മതിപ്പിച്ചെടുക്കണം.തിയേറ്ററിനു വെളിയിൽ ഇട്ടിരിക്കുന്ന ചാരുകസാരയിൽ കണ്ണടിച്ചിരിക്കുന്ന ബാലു സാറിന്റെയടുത്തു ചെന്ന് ഞാൻ പറഞ്ഞു തുടങ്ങി "ഈ പേഷ്യന്റിനെ നമ്മൾ  റെഫർ ചെയ്തു വിടണോ? സാറിന്റെ അനുഭവ സമ്പത്ത് വെച്ചു നോക്കിയാൽ  അതു നമുക്കിവിടെ  ചെയ്യാവുന്നതേയുള്ളൂ. ഒന്ന് കൂടെ ഒന്ന് പ്ലാൻ ചെയ്തു നോക്കിയാലോ" പൊതുവെ സംസാരത്തിൽ വളരെ പിശുക്കനായ ബാലു സർ എന്റെ മുഖത്തേയ്ക്ക് നോക്കി ഒന്നമർത്തി മൂളി. ഞങ്ങളുടെ മനഃപൊരുത്തതിന്റ ശക്തി ഇത്തരം മൂളലുകൾ വായിച്ചെടുക്കുന്നതിലാണ്. അച്ഛന്റെയടുത്തു കാര്യം അവതരിപ്പിക്കുവാൻ അമ്മയെ പറഞ്ഞു വിട്ടു വാതിലിനു പുറകിൽ  മറഞ്ഞിരുന്നു  കാതോർത്തു നിൽക്കുന്ന  മക്കളെ പോലെ എന്നെ കാത്തു നിന്ന MCh സ്റ്റുഡന്റ്സിനും  സന്തോഷമായി . എല്ലാ മുന്നൊരുക്കങ്ങൾക്കും ശേഷം വീണ്ടും ആ ചെറുപ്പക്കാരനെ  സർജറിയ്ക്ക്  പോസ്റ്റ്‌ ചെയ്തു.അനസ്‌തേഷ്യ കൊടുത്തു പൂർണമായും മയങ്ങി കഴിഞ്ഞ രോഗിയുടെ നെഞ്ച് തുറന്നതും രക്തക്കുഴൽ പൊട്ടി ഓപ്പറേഷൻ തീയേറ്ററിന്റെ സീലിങ്ങിളോളം ഉയരത്തിൽ രക്തം ചീറ്റി. പതറിപ്പോയാൽ അതോടെ എല്ലാം അവസാനിക്കും.സമയവുമായുള്ള മത്സരമാണ് ഇനി. ശരീരത്തിലെ രക്തം മുഴുവൻ വാർന്നു തീരാൻ അധികം സമയം വേണ്ട. ആ ജീവൻ അകന്നു പോകാനും.നിമിഷങ്ങൾ കൊണ്ടു ഹാർട് ലങ് മെഷീനിൽ ബന്ധിപ്പിച്ചു  കൃതിമ  സംവിധാനത്തിലൂടെ രക്‌തോട്ടം പുനസ്‌ഥാപിച്ചു ജീവൻ നിലനിർത്തി മുന്നോട്ടു പോകുമ്പോൾ മെഡിക്കൽ കോളേജിന്റെ ചരിത്രത്തിലെ ആദ്യത്തെ ബന്റാൾ സർജ്ജറി നടക്കുകയാണ്. എന്റെ അനുഭവങ്ങളുടെ നേർസാക്ഷ്യം കേട്ടു നിന്ന ഡോ. ജസീമിന്റെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു.